Skip to main content

നൂറുറുപ്യ|കഥ

ക്ലാസ്സിലെത്തിയാൽ സഹപാഠികൾ വീട്ടിലെ കാര്യങ്ങൾ പറയും. അവരുടെ ഉമ്മ സ്നേഹപൂർവ്വം ശകാരിച്ചതും, ഭക്ഷണം കൊടുത്തതും, കോളേജിലെ മാസഫീസ് പിതാവിൽ നിന്നും വാങ്ങികൊടുത്തതുമെല്ലാം. എല്ലവർക്കും പിതാവിനോട് നേരിട്ട് ചോദിക്കാൻ മടിയാണ്. അത് കൊണ്ട് പിതാവുമായുള്ള പണമിടപാട് ഉമ്മ മുഖേനയാണ് നടത്തുക.
ഇക്കാര്യങ്ങളെല്ലാം സഹപാഠികൾപറയുന്നത് കേട്ടപ്പോൾ എന്റെ
മനസ്സിൽ നൊമ്പരം ചിറകിട്ടടിച്ചു.  പിതാവ് മരിച്ചത് കാരണമായി  എനിക്കെന്റെ 
പിതാവിനെ അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നാലും ഉമ്മയെന്ന ശേഷിപ്പുണ്ടല്ലോ. ഉമ്മയെ വേണ്ടുവോളമറിയാനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടില്ല. പിതാവ് മരിച്ചെന്ന
ആനുകൂല്യത്തിൽ മുക്കം യതീം ഖാനയിൽ പ്രവേശനം നേടി. ഫലത്തിൽ
സ്വന്തം കുടുമ്പത്തേയുമെനിക്ക് നഷ്ടപ്പെട്ടു. അനാഥാലയത്തിലെ
കാലാവധി കഴിഞ്ഞ് ഞാൻ  തിരിച്ച് വീട്ടിൽ ചെല്ലുമ്പോഴേക്കും, പിതാവിനെ പോലെ  മാതാവും മരണപ്പെട്ടാൽ ആ സങ്കടം  മനസ്സിന്റെ ഏത് കോണിൽ സൂക്ഷിക്കാനാണെനിക്ക് കഴിയുക.ആ, 
ആകുലത എന്റെ മനസ്സിനെ വല്ലാതെ 
സ്വാധീനിച്ചു.
 സങ്കടം, അതൊരു കാട്ടു വള്ളി പോലെയോ, കാട്ടു ചെടി പോലെയോ ആണ്. കടുത്ത വെയിലേറ്റുണങ്ങിയാലും, കാട്ടു തീയിൽപ്പട്ട് കത്തിക്കരിഞ്ഞ് വെണ്ണീറായാലും പുതുമഴ പെയ്താലത്
പരിചരണമില്ലാതെ തന്നെ 
 പൊട്ടി മുളച്ച് പൂർവ്വാധികം
തേജസ്സോടുകൂടി  തളിർത്ത് വരും.  
     "എനിക്കെന്റെ നാട്ടിൽ പോയി ഉമ്മാനെ കാണാനെന്തുണ്ട് മാർഗ്ഗം? ബസ്സ്ചാർജിനുള്ള പണമില്ല".
ഞാനെന്റെ അടുത്ത സുഹൃത്തായ മലയമ്മ അസീസിനോട് ചോദിച്ചു.
    "ഇയ്യ് റഹ്മത്തുന്നിസാനോട് ചോദിച്ചു നോക്ക്. ഉണ്ടെങ്കിലവൾ തരും."
   അസീസെന്നെ ഉപദേശിച്ചു.
  "റഹ്മത്തിനോടോ? അയ്യേ ഞാൻ ചോദിക്കൂല."
ഞാൻ പറഞ്ഞു.
"ഓള് ഗൾഫ് കാരന്റെ ഭാര്യയാണ്.
അവളുടെ കൈയിൽ പണമുണ്ടാവും. ചോദിച്ചാൽ തരും."
ഇയ്യെന്തിനാ മടിക്കുന്നത്, ചോദിച്ചു നോക്ക്. കിട്ടിയാൽ ഉമ്മാനെ കാണാനൊരവസരം. പോയാലൊരു വാക്ക്. അത്രയല്ലേയുള്ളൂ".
അസീസെനിക്ക് ധൈര്യം തന്നു.
"റഹ്മത്തെ ഇന്ക്ക് നാട്ടിൽ പോയിവരാനൊരു നൂറുറുപ്പ്യ കടം തെര്വോ?"
ഞാൻ  പതിയെ റഹ്മത്തിനെ സമീപിച്ച് ചോദിച്ചു.
"നാളെ തരാം".
      ചോദ്യം കേട്ടതും എന്റെ മുഖത്ത് നോക്കി തെല്ലും ആലോചിക്കാതെയവൾ പറഞ്ഞു.
   ഞാനവളുടെ സമീപത്തുനിന്ന് പ്രതീക്ഷയോടെ  സീറ്റിൽ ചെന്നിരുന്നു.
   പിറ്റേന്ന് ക്ലാസ്സിലെത്തിയ ഉടൻ അവൾ സഹപാഠികൾക്ക് മനസ്സിലാവാത്ത വിധം ക്ലാസ്സിന്റെ വരാന്തയിലേക്ക് വാ എന്ന് ആംഗ്യം കാണിച്ച്, അവൾ ക്ലാസ്സിന്റെ പുറത്തേക്കിറങ്ങുമ്പോൾ  പിന്നാലെ ഞാനും ചെന്നു.
    റഹ്മത് അവളുടെ കൈയിലുള്ള പേഴ്സ്  തുറന്ന് പളപളപ്പുള്ള നൂറിന്റെ പുതിയ നോട്ടെടുത്ത് എനിക്ക് നേരെ നീട്ടി. ഞാനത് വാങ്ങി പിറ്റേന്ന് നാട്ടിൽ പോയി.
 ഉമ്മയെ ഞാനെന്റെ സങ്കടങ്ങളെല്ലാം ബോധ്യപ്പെടുത്തി. 
      രാത്രി ഉമ്മ വീട്ടിലെ ഇമ്മിണി വലിയ മരത്തിന്റെ പെട്ടിതുറന്ന്, അതിന്റെ മൂലയിൽ സൂക്ഷിച്ച ബദ്റീങ്ങളുടെ നേർച്ച പൈസയിടുന്ന ചെറിയ അളു എടുത്ത് മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അതിലെ നോട്ടെടുത്ത് എണ്ണി. നൂറ് രൂപയായപ്പോൾ എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. ഓളോട് വാങ്ങ്യപൈസ കൊട്ത്തെ. "ഇന്ക്ക് ബസ്സിന് പൈസവേണ്ടേ?"
  "വേണ്ട, എന്റേല്ണ്ട്. "
ഞാൻ  വാങ്ങിയില്ല.
പിറ്റേന്ന് ഞാൻ
യതീംഖാനയിൽ തിരിച്ചെത്തി. അതിന്റെ പിറ്റേന്ന് ക്ലാസ്സിൽ ചെന്നു. റഹ്മത്തിന്റെ നേരെ കടം വാങ്ങിയ നൂറ് രൂപ തിരികെ നീട്ടി. "ഇയ്യെടുത്തൊ, അനക്ക് ഞാൻ തന്നതാണെന്നും പറഞ്ഞ് അവളത് വാങ്ങിയില്ല.
     ഞാൻ പ്രി-ഡിഗ്രി കോഴ്സ് പൂർത്തിയാക്കാൻ കഴിയാതെ സ്വന്തം നാട്ടിലേക്ക് പോയി. ഒരു മദ്രസ്സയിൽ അദ്ധ്യാപകനായി ഇരുപത്തിനാല് രൂപ ശമ്പളത്തിൽ നിയമിതനായി. ഒരുമാസം അദ്വാനിച്ചപ്പോൾ എനിക്ക് കിട്ടിയ ശമ്പളം ഇരുപത്തിനാല് രൂപ. അന്ന് റഹ്മത് തന്ന സഹായധനത്തിന്റെ നാലിലൊന്നിനേക്കാൾ കുറവ്.എനിക്ക് നൂറ് രൂപ സമ്പാദിക്കാൻ നാല് മാസത്തിൽ കൂടുതൽ ജോലി ചെയ്യണം!
അപ്പോഴാണെനിക്ക് റഹ്മതുന്നിസ തന്ന നൂറ് രൂപയുടെ വില ബോധ്യപ്പെടുന്നത്.
ഞാൻ ഈ സഹായത്തെക്കുറിച്ചോർക്കുമ്പോൾ റഹ്മത്തിന്നു വേണ്ടി  
പ്രാർത്ഥിക്കും. യാ അല്ല്വാഹ്, റഹ്മത്തുന്നിസ എന്നെ സഹായിച്ചതിനേക്കാൾ 
ഉത്തമമായി അവളേയും നീ സഹായിക്കേണമേ. ആമീൻ. ഞാൻ പ്രാർത്ഥിച്ചത് പോലെ  കുടുമ്പ, സാമ്പത്തിക സന്തോഷത്തിന്റെ ചിറകിലേറി അനന്ത വിഹായസ്സിലേക്കവൾ പറന്നുയരുകയാണ്. അല്ല്വാഹുവിന്ന് സ്തുതി. അൽഹംദുലില്ലാഹ്.


Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ച...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തി!. വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമൻ.ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട്ടൂരെ മൊയ്തി  എന്നേക്കാൾ കേമനാണെന്ന് ഞാൻ വിശ്വസിക്കാൻ കാരണം.മൂത്തുമ്മ മാത്രമാണ് വിവാഹ ശേഷം കുടുംബത്തിൽ നിന്നകന്നത്.മൂത്തുമ്മാന്റെ അനിയത്തിമാരായ യഥാക്രമം എന്റുമ്മ...

നാണിയമ്മയുടെ മകൻ കുട്ടൻ (കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച...