ഞങ്ങൾ ആറു മക്കളിലേറ്റവും മൂത്തവളായിരുന്നു പാത്തുമ്മച്ചാച്ച. എഴുപത്തി ഒമ്പതാമത്തെ വയസ്സിലാണവർ മരണമടഞ്ഞത്. ഇച്ചാച്ചാന്റെ ഖബറിനെ അല്ല്വാഹു സ്വർഗ്ഗത്തോപ്പാക്കട്ടെ,ആമീൻ. അവർ മരണശയ്യയിൽ കിടക്കുമ്പോൾ അവളെ സന്ദർശിക്കാനോ അവളുടെ
മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനോ കഴിയാത്തതിന്റെ സങ്കടം എനിക്കിപ്പോഴുമുണ്ട്.മൂത്ത സഹോദരി മാതാവിന്റെ സ്ഥാനത്താണ്.ഫലത്തിൽ അവൾ തന്നിലിളയവർക്കെല്ലാം മാതാവ് തന്നെയായിരുന്നു.ഒരു അനാഥാലയത്തിലെ അന്തേയവാസിയായിരുന്ന ഞാൻ, പ്രീ ഡിഗ്രി തോറ്റപ്പോൾ 1981ൽ ജന്മനാടയ മുയിപ്പോത്തേക്ക് വന്നു. നാട്ടിലെ സമൂഹവുമായി പൊരുത്തപ്പെടാൻ കഴിയാത്ത മാനസികാവസ്ഥയിലായിരുന്നു ഞാൻ.നാട്ടുകാരിൽ മിക്കപേർക്കും എന്നെ അറിയില്ല അത് പോലെ നാട്ടിലെ മിക്കപേരേയും എനിക്കുമറയില്ല.അത്രയ്ക്കും ഇളം പ്രായത്തിൽ ഞാൻ യതീംഖാന യിലേക്ക് ചേക്കേറിയിരുന്നു.ഞാൻ അങ്ങാടിയിലോ,സ്കരിക്കാൻ പള്ളിയിലോ പോയാൽ കാണുന്നവർ കൂടെയുള്ളവരോട് ചോദിക്കും
"ഓനേതാ?"
അപ്പോൾ കൂടെയുള്ളവർ പറയും "ഓനുമ്മളെ തിരംഗലത്തെ ഇബ്രായ്യ്യാക്കാന്റെ മോനല്ലേ".
"അത്യോ എനക്കോനെ അറഞ്ഞൂടാലോ.ഓനേട്യായ്നു ഇത്തിര കാലോം?"
"ഓന് എത്തീംഖാനേല് പഠിക്ക്യാൻ പോയതല്ലേ?"
ഞാൻ അനാഥാലയത്തിലെ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി വന്നപ്പോൾ എന്റെ കൂടെ അന്ന് ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ എന്റെ കൂടെ
പഠിച്ചിരുന്ന നാട്ടിലെ കൂട്ടുകാരെല്ലാം ഗൾഫിൽ പോയി.യതീം ഖാനയിലുണ്ടായിരുന്ന സഹപാഠികളെല്ലാവരും ഉപരിപഠനത്തിന് അർഹരായി.ഇപ്പോൾ എന്റെ മനസ്സ് പതറിയിരിക്കുന്നു.ആരോടും മിണ്ടാതെ,കളിചിരിയില്ലാതെ തെക്ക് വടക്ക് നടക്കും.പകൽ സമയത്ത് വീടുവിട്ടാൽ സഹോദരി പാത്തുമ്മച്ചാച്ചാന്റ വീട്ടിൽ,അവിടം വിട്ടാൽ സ്വന്തം വീട്ടിൽ എന്റെ ഉമ്മാന്റെ അടുക്കൽ.നെയ്ത്തുകാരന്റെ ഓടംപോലെ ഈ രണ്ട് വീടുകൾക്കിടയിലുള്ള ഓട്ടം മാത്രം.ഇതായിരുന്നു എന്റെ അന്നത്തെ ജീവിതചര്യ.ഞാൻ
എല്ലാദിവസവും പാത്തുമ്മച്ചാച്ചാന്റെ വീട്ടിലേക്ക് പോകും. ഉച്ചക്കാണ് ഞാനവിടെ ചെന്നതെങ്കിൽ അവളെന്നോട് ചോദിക്കും "ഇഞ്ഞി ചോറ് തിന്നിക്കോ?"
"ഇല്ല".
"എന്നാ ബേകം കൈ കൈക്".
ഞാൻ വേഗം കൈ കഴുകി അടുക്കളയിലേക്ക് പോകും.അപ്പോഴേക്കും ഇച്ചാച്ച കിണ്ണത്തിൽ ചോറിട്ട് മീൻകറിയുമെടുത്ത് എനിക്ക് തരും.അത് തിന്ന് അല്പ നേരം വിശ്രമിച്ച് "ഇച്ചാച്ചാ ഞാൻ പോക്വാന്നേ" എന്നും പറഞ്ഞ് ഞാൻ കരുവോത്ത് താഴേക്ക് പോകും.
ചോറ് തിന്ന് വിശ്രമിക്കുകയായിരുന്ന എന്റെ ഉമ്മ ഞാൻ വീട്ടിലെത്തിയാൽ ചോദിക്കും."ഇഞ്ഞ് ഏടായ്നു ഇത്തിരനേരോം?"
" ഞാൻ ചെരക്കര പുത്യോട്ടില് ".
"ഇഞ്ഞ് ചോറ് തിന്നിക്കോ?"
സങ്കടത്തിൽ ചാലിച്ച ചോദ്യം.
"ങാ..."
ങാ എന്ന് പറയാൻ എനിക്ക് വല്ലാത്ത മടിയാണ്.എന്നാലും ഞാൻ സത്യം തന്നെ പറയും.ഉമ്മ കർമൂസ്സ കുരുപോലത്തെ പരുപരുത്ത റേഷനരിയുടെ ചോറ് ചമ്മന്തിയും കൂട്ടി തിന്ന്, ഞാൻ നല്ല മീൻകറിയും കൂട്ടി ചോറ് തിന്ന്.ഓർക്കുമ്പോൾ വല്ലാത്തൊരു സങ്കടം എന്റെ മനസ്സിൽ നുരയും.
ഇച്ചാച്ചാന്റെ വീട്ടിൽ നിന്ന് ഞാൻ ഭക്ഷണം കഴിച്ചാൽ ഉമ്മാക്ക് നല്ല ഭക്ഷണം കിട്ടിയില്ലല്ലോ എന്നോർത്ത് സങ്കടവും, ഉമ്മാക്ക് നല്ല ഭക്ഷണം കിട്ടാതെ ഞാൻ നല്ല ഭക്ഷണം കഴിച്ചല്ലോ എന്ന കുറ്റ ബോധവും എന്നെ അലട്ടുന്നുണ്ടാവും.അക്കാലത്ത് കറിക്കാവശ്യമുള്ള മത്സ്യമോ പച്ചക്കറിയോ വാങ്ങാനുള്ള കഴിവ് ഞങ്ങൾക്കില്ല. എതാനും വർഷങ്ങൾക്കു ശേഷം എന്റെ നേരെ മൂത്ത സഹോദരി നബീസച്ചാച്ച എന്നോട് പറഞ്ഞു.
"മോനെ ഇഞ്ഞ് കർമൂസക്കുരു അരീന്റെ ചോറ് കറിയില്ലാതെ തിന്നുന്ന കാര്യം ഉമ്മയെന്നോട് സങ്കടപ്പെട്ട് പറയാറുണ്ടന്ന്". ഇത് കേട്ടപ്പോൾ എനിക്ക് ഉമ്മാന്റെ നേരെ സങ്കടവും മാതൃ സ്നേഹത്തെ കുറിച്ചുള്ള തിരിച്ചറിവുമാണ് ഉണ്ടായത്.
പാത്തുമ്മച്ചാച്ച എനിക്ക് ദാഹത്തിന് വെള്ളവും വിശപ്പടക്കാൻ ഭക്ഷണവും തരും .അതിന് പ്രത്യുപകാരമായി ഞാൻ മിക്ക സമയങ്ങളിലും അവൾക്കു വേണ്ടി പ്രാർത്ഥിക്കും.മുയിപ്പോത്ത് പാറക്കീൽ പള്ളിയുടെ ഖബർ സ്ഥാനിൽ ഭാരമുള്ള മൂടുകല്ലുകൾക്കടിയിൽ സൽകർമ്മങ്ങളുടെ തണലിൽ ഇച്ചാച്ച വിശ്രമിക്കുകയാണ്.ആ ഖബറിൽ ഏകയായി കഴിയുമ്പോൾ അവളുടെ സൽക്കർമ്മങ്ങൾ നല്ല കൂട്ടുകാരികളുടെ രൂപത്തിൽ നേരം പോക്കിനായി അവളെ സമീപിക്കുന്നുണ്ടാവും.അപ്പോൾ ഇച്ചാച്ച അവരോട് ചോദിക്കും.
"അവർ ആരാണെന്ന്?"
അപ്പോൾ ആ കൂട്ടുകാരികൾ പറയും ഞങ്ങൾ നിന്റെ സൽകർമ്മങ്ങണാണെന്ന്. അവളുടെ ചാരെ അല്പം അകന്നു നിൽക്കുന്ന ഒരു സ്നേഹ സ്വരൂപിണി എന്റെ ഇച്ചാച്ചാനെ നോക്കി പുഞ്ചിരി തൂകിക്കൊണ്ട് നിൽക്കുന്നുണ്ടാകും. അവളെ നോക്കി ഇച്ചാച്ച ചോദിക്കും "അവളാരാണെന്ന്. ആ സ്നേഹ സ്വരൂപിണി പറയും " നിന്റെ കൈയിൽ നിന്ന് ഭക്ഷണം വാങ്ങി വിഷപ്പടക്കുകയും,വെള്ളം വാങ്ങി ദാഹം തീർക്കുകയും ചെയ്ത നിന്റെ സഹോദരൻ മൊയ്ദിയുടെ പ്രാർത്ഥനയാണ് അവളെന്ന്".
അപ്പോൾ ഇച്ചാച്ച വീണ്ടും ചോദിക്കും "നീയെന്താണ് അല്പം അകലെ നിന്നത്?"
അവൾ വീണ്ടും പറയും
"നിന്റെ മരണ വേളയിലും, മരണാനന്തര ചടങ്ങിലും നിന്റെ സഹോദരൻ മൊയ്തിക്ക് പങ്കെടുക്കാൻ പറ്റിയിട്ടില്ല.ആ സങ്കടം കൊണ്ടാണ് ഞാൻ വിട്ടുനിന്നത്."ആ സ്നേഹ സ്വരൂപിണിയോട് അവൾ പറയും "മൊയ്ദി എന്റെ അഭാവത്തിൽ കുറ്റ ബോധത്താൽ എനിക്കു വേണ്ടി പ്രാർത്ഥിച്ചു!. അത് കൊണ്ടാണ് എനിക്ക് നിന്റെ സാന്നിധ്യം അനുഭവിക്കാൻ കഴിഞ്ഞത്". ഇച്ചാച്ചാന്റെ സാന്ത്വന സ്പർശം കേവലമൊരാളിലോ കുടുമ്പത്തിലോ മാത്രമൊതുങ്ങുന്നതല്ല.അവൾ അയൽപക്ക ബന്ധവും കുടുംബ ബന്ധവും സ്നേഹ പൂർവ്വം പാലിച്ചിരുന്നു.
മേലെ ആകാശ ഗംഗയിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന നക്ഷത്രക്കൂട്ടങ്ങൾക്ക് മീതെ ബർസഖീ ലോകത്തു നിന്ന് പാത്തുമ്മച്ചാച്ച എന്നെ നോക്കുന്നുണ്ടാവും .അപ്പോൾ അവളെന്നോട് വിളിച്ചു പറയും "മൊയ്ദീ ദുനിയാവിലെ ജീവിതം ഒരു ഞാണിന്മേൽ കളിപോലെ നശ്വരമാണ് . മനസ്സ് പതറിയാൽ കാൽ വഴുതി താഴെ വീഴും.പരാജയം നിന്നെ വേട്ടയാടും.
മനസ്സു പതറാതെ, കാൽ വഴുതാതെ മുന്നോട്ടു പോവുക ".
മേൽപ്പറഞ്ഞ പാത്തുമ്മയെ പോലുള്ള സഹോദരി നിങ്ങൾക്ക് ആർക്കെങ്കിലും ഉണ്ടോ?
ReplyDelete