അവർ യൂസുഫിനേയും കൊണ്ട് അസീസിന്റെ വസതിയിലെത്തി. അതോട് കൂടി സലീഖായുടെ ദു:ഖ പരവശതകളെല്ലാം അവസാനിച്ചു. താൻ സ്വപ്നത്തിൽ ദർശിച്ച യുവാവാണ് ആ അടിമയെന്ന് ബീവിക്ക് ബോദ്ധ്യമായി. ആ പരമാർത്ഥം വളർത്തമ്മയോടവർ തുറന്ന് പറയുകയും ചെയ്തു. യൂസുഫിനെ ശുശ്രൂഷിക്കുന്നതിൽ അവൾ വളരെ ഉത്സുകയായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ചിന്തയിൽ നിന്ന് ഒരിക്കലുമവർ മുക്തയായിരുന്നില്ല. ഒരു ദിവസം തന്റെ ദാസി മുഖേന യൂസുഫിന്റെ അടുക്കലേക്കവർ ഇങ്ങിനെ പറഞ്ഞയച്ചു. "എന്നെയല്ലാതെ മറ്റാരേയും അങ്ങ് പത്നിയായി സ്വീകരിക്കരുത്. എന്റെ പക്കലുള്ള സർവ്വ ദ്രവ്യങ്ങളും അങ്ങയെ ഭരമേൽപ്പിക്കുന്നതിന് ഞാൻ സന്നദ്ധയാണ്. അങ്ങയെ പലപ്രാവശ്യം സ്വപ്നത്തിൽ കണ്ടതിനാൽ അങ്ങയെ ദർശിക്കുന്നതിനുള്ള ഭാഗ്യ സന്ദർഭം കാത്ത് കൊണ്ട് നാളിതുവരെ യാതൊരു മനസ്സമിധാനവുമില്ലാതെയാണ് ഞാൻ ജീവിതം തള്ളി നീക്കിയത്. ഇപ്പോഴാവട്ടെ അങ്ങയെ ദർശിക്കാൻ കഴിഞ്ഞത് കൊണ്ടാണ് എന്റെ സകല ദ:ഖങ്ങളും ദൂരീകൃതമായിരിക്കുന്നത്". യൂസുഫ് നബി അതിന് ഇങ്ങിനെയാണ് മറുപടി പറഞ്ഞത്."സലീഖയെ ഞാനും സ്വപ്നത്തിൽ കണ്ടിട്ടുണ്ടായിരുന്നു.ഞാൻ അവൾക്കും അവൾ എനിക്കും "എന്ന് ഞാൻ ഉറപ്പ് കൊടുത്തിട്ടുമുണ്ടായിരുന്നു....
കൂടിയവരെല്ലാം യൂസുഫിനെ കണ്ടു കഴിഞ്ഞപ്പോൾ ഇനി വാങ്ങാനൊരുക്കമുള്ളവർ മുമ്പോട്ട് വരണമെന്ന് മാലിക് വിളിച്ച് പറഞ്ഞു.യൂസുഫിനെ വാങ്ങാനൊരുങ്ങിയിട്ടുണ്ടായിരുന്ന പലരും അദ്ദേഹത്തിന്റെ അനന്യസാധാരണമായ സൗന്ദര്യവും ഗൗരവ ഭാവവും കണ്ടപ്പോൾ അദ്ദേഹത്തിനെ അടിമയെന്ന നിലയിൽ വാങ്ങുന്നത് അനുചിതമാണെന്നും, ഈ ബാലനെ വാങ്ങാനുള്ള മതിയായ പണം തങ്ങളുടെ പക്കലില്ലെന്ന് മനസ്സിലാക്കിക്കൊണ്ടും ലേലത്തിൽ നിന്നവർ പിന്മാറി. മിസ്ർ ഭരണാധികാരിയായ അസീസും അദ്ദേഹത്തിന്റെ ഭാര്യ സലീഖയും ഇതെല്ലാം കണ്ട് കൊണ്ട് യൂസുഫിനെ ശരിയാം വണ്ണം കാണാവുന്ന ഒരു സ്ഥലത്ത് ഇരിപ്പിടമുറപ്പിച്ചിരുന്നു. സലീഖ യൂസുഫ് നബിയുടെ സൗന്ദര്യത്തിലും സൗശീല്യാദി സൽഗുണങ്ങളിലും പെടുന്നനെ ആകർഷിക്കപ്പെട്ടിരുന്നു. ബാലനെ മറ്റാരെങ്കിലും കരസ്ഥമാക്കാനിടയാകുന്നതിന്ന് മുമ്പ് വാങ്ങണമെന്ന് സലീഖാക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.അവസാനം സ്വപത്നിയുടെ ഇംഗിതം മനസ്സിലാക്കിയിട്ടെന്ന പോലെ യൂസുഫിനെ വാങ്ങുന്നതിന് അസീസ് താല്പര്യം പ്രകടിപ്പിച്ചു. അദ്ദേഹം സലീഖയോടിങ്ങനെ പറഞ്ഞു. "നമുക്കിതുവരെ സന്താനമുണ്ടായിട്ടില്ലല്ലോ. ഈ ബാലനെ കിട്ടിയാൽ സ്വന്തം മകനെപ്പോലെ വളർ...