സുലൈമാൻ നബി (അ)ന്റെ രാജ സദസ്സിൽ മനുഷ്യർ, ജിന്നുകൾ,പിശാചുക്കൾ,പക്ഷി മൃഗാതികൾ എല്ലാം ഹാജറാകുമായിരുന്നു.അല്ല്വാഹുവിന്റെ കഴിവിനെ കുറിച്ചും അവന്റെ വിധിവിലക്കുകളെ കുറിച്ചും അവർ ചർച്ച ചെയ്യുക പതിവായിരുന്നു.ഒരവസരത്തിൽ സുലൈമാൻ നബി (അ) പറഞ്ഞു "അല്ല്വാഹു എന്താണോ വിധിച്ചത് അത് മാത്രമേ സംഭവിക്കുകയുള്ളൂ".
സഭയാകെ നബിയുടെ വാക്കുകൾ തലയാട്ടി സമ്മതിച്ചു.പക്ഷേ, ഭീമാകാരനായ ആന റാഞ്ചി പക്ഷി അങ്ങിനെയങ്ങ് സമ്മതിച്ചു കൊടുത്തില്ല.അത് പറഞ്ഞു.'നബിയേ ഓരോരുത്തരുടേയും പ്രവൃത്തിക്കനുസരിച്ചല്ലേ കാര്യങ്ങളുടെ പോക്ക്.വെറുതെ വിധിയെ പഴിക്കുന്നത് ശരിയാണോ?'
ആനറാഞ്ചി പക്ഷിയുടെ വാക്ക് കേട്ട് നബി പറഞ്ഞു.നിന്നോട് തർക്കിക്കാൻ ഞാനില്ല.നേരിൽ കണ്ടെന്കിലേ നീ വിശ്വസിക്കൂ.ഞാനൊരു കാര്യം പറയാം.മഗ്രിബ് കെട്ടിലെ രാജാവിനും,മശ്രിക് കെട്ടിലെ രാജാവിനും ഓരോ സന്തതികൾ ഉണ്ടായിട്ടുണ്ട്.ഒന്ന് ആണും, മറ്റേത് പെണ്ണുമാണ്.കോടാനു കോടി നാഴിക അകലത്തിൽ കിടക്കുന്ന ആ രണ്ട് കുട്ടികളും ഒരു ദ്വീപിൽ ഒരുമിച്ച് കൂടും.അവിടെ വെച്ചവർ അവിഹിത വേഴ്ച നടത്തും.അതിലൊരു കുഞ്ഞുണ്ടാകും.ഇത് അല്ല്വാഹുവിന്റെ വിധിയാണ്.ഈ വിധിക്കെതിരിൽ പ്രവൃത്തിച്ച് താന്താങ്ങളുടെ പ്രവർത്തനം മൂലമാണ് ഓരോ കാര്യവും സംഭവിക്കുന്നതെന്ന് നീയെനിക്ക് കാണിച്ചു തരിക.അല്ല്വാഹുവിന്റെ വിധിയാണിത്.ഇത് സംഭവിക്കുക തന്നെ ചെയ്യും.അത് നടക്കാതിരിക്കാൻ നിന്റെ എല്ലാ കഴിവും പ്രയോഗിച്ചു കൊള്ളുക.
ശരി, എന്നാൽ അങ്ങിനെയാവട്ടെ.എനിക്കതിന് അനുമതി തന്ന സ്ഥിതിക്ക് ഞാനിതാ പോകുന്നു.ആനറാഞ്ചി പക്ഷി അവിടെ നിന്നും പറന്നു പോയി.
പേരിനെ അന്വർത്ഥമാക്കുന്നതാണ് പക്ഷിയുടെ രൂപം.ആ പക്ഷിയുടെ കരങ്ങളും പാദങ്ങളും മാർവ്വിടങ്ങളും മനുഷ്യന്റേതു പോലെ തോന്നും.മറ്റുഭാഗങ്ങൾക്ക് ഒട്ടകത്തോടാണ് സാദൃശ്യം.ഒട്ടും തളരാതെ അനേകം ദൂരം പറക്കാനുള്ള കഴിവ് ആ പക്ഷിക്കുണ്ട്.കിഴക്ക് ദേശത്തെ ലക്ഷ്യമാക്കിയാണ് പക്ഷി പറന്നത്.മശ്രിക്ക് കെട്ടിലെ ചക്രവർത്തിയുടെ അന്തപുരത്തിലാണ് പക്ഷി പറന്നിറങ്ങിയത്.അവിടെ തൊട്ടിലിൽ കിടക്കുന്ന പിഞ്ചു കുഞ്ഞിനെ വളരെ രഹസ്യമായി റാഞ്ചിയെടുത്ത് പക്ഷി പറന്നുയർന്നു.അനേകം നാഴികകൾ പിന്നിട്ട് ആളൊഴിഞ്ഞ ഒരു ദ്വീപിൽ പക്ഷി പറന്നിറങ്ങി.
ആ ദ്വീപിലേക്ക് ഒരിക്കലും കപ്പലുകൾക്ക് എത്താനാവില്ല.കാലാവസ്ഥ വളരെ അനുകൂലമായ പ്രദേശം.കൂറ്റൻ മലകൾ തല ഉയർത്തി നിൽക്കുന്നു.ഒരു മനുഷ്യക്കുഞ്ഞിനും അങ്ങോട്ടെത്തിച്ചേരാൻ കഴിയില്ല.
ആന റാഞ്ചി ബലമുള്ള ഒരു മരത്തിന്റെ കൊമ്പിൽ മനോഹരമായൊരു കൂട് കെട്ടി.ആ പെൺകുഞ്ഞിനെ അതിലിട്ട് വളർത്തി.ആ പെൺ കുഞ്ഞിന് വേണ്ടുന്ന ഭക്ഷണ സാധനങ്ങളെല്ലാം പക്ഷി എത്തിച്ചു കൊടുക്കും.മഴയും വെയിലുമേൽക്കാതെ കുഞ്ഞിനെ സംരക്ഷിച്ചു.രാത്രി ആ കുഞ്ഞിന്റെ കൂടെയാണ് പക്ഷി കൂടിയത്.ഇതെല്ലാം പക്ഷി വളരെ ഗോപ്യമായി വെച്ചു.ഒന്നും സംഭവിക്കാത്തതുപോലെ പകൽ പക്ഷി സുലൈമാൻ നബിയുടെ രാജ സദസ്സിൽ എത്തും.ആ പെൺകുട്ടി മനുഷ്യരെ കാണാതെ ആന റാഞ്ചിയുടെ ലാളനയേറ്റ് വളർന്നു വലുതായി.
അങ്ങ് മഗ്‌രിബ് കെട്ടിലെ രാജകുമാരനും വളർന്നു വലുതായിരിക്കുന്നു.സുമുഖനായൊരു യുവാവ്.രാജകുമാരന്റെ ഹോബി വേട്ടയായിരുന്നു.അതിനു വേണ്ട എല്ലാവിധ പരിശീലനങ്ങളും അവന് രാജധാനിയിൽ നിന്ന് കിട്ടി.ഇടക്കിടെ കൂട്ടുകാരുമൊത്ത് വനങ്ങളിൽ ശിക്കാറിന് പോകൽ രാജകുമാരൻ പതിവാക്കി.അങ്ങിനെയിരിക്കെ സമുദ്രത്തിലൂടെ ഒരു വേട്ടക്ക് പോകാൻ രാജകുമാരന് ആഗ്രഹം ജനിച്ചു.പരിവാരങ്ങളുമായി കുമാരൻ സമുദ്ര സഞ്ചാരത്തിന് പുറപ്പെട്ടു.സമുദ്രത്തിലൂടയാത്ര തുടരവേ ശക്തമായൊരു കൊടുംകാറ്റ് അവരുടെ കപ്പലിന്റെ ഗതി മാറ്റിമറച്ചു.ഓരോരുത്തരായി കപ്പലിൽ നിന്നും തെറിച്ചു സമുദ്രത്തിൽ വീണു.കപ്പൽ എങ്ങോട്ടോ ഒഴുകാൻ തുടങ്ങി.കപ്പലിൽ രാജകുമാരൻ മാത്രം ബാക്കിയായി.കപ്പൽ എങ്ങോട്ടെന്നില്ലാതെ ഒഴുകി.ഒടുവിൽ വിജനമായൊരു ദ്വീപിൽ കപ്പൽ ചെന്നടഞ്ഞു.
ഉന്നതങ്ങളായ പർവ്വതങ്ങൾ,പച്ചപരവതാനി പുതച്ച ദ്വീപ്.രാജകുമാരൻ ആദ്വീപിന്റെ സൗന്ദര്യത്തിൽ മയങ്ങി.അയാൾ ദ്വീപിൽ ചുറ്റിക്കറങ്ങി നടന്നു.വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ രാജകുമാരൻ കായ്കനികൾ പറിച്ചു തിന്നു.കാട്ടു ചോലയിൽ നിന്ന് വെള്ളം കുടിച്ചു.അതിനിടയിൽ രാജകുമാരന്റെ ശ്രദ്ധ ഒരു മരക്കൊമ്പിലേക്ക് തിരിഞ്ഞു.ആ മരച്ചില്ലയിലതാ മനോഹരമായ വലിയൊരു കൂട്.അയാൾ അതിലേക്കു നോക്കി നിൽക്കുമ്പോൾ അഴകിന്റെ പ്രതീകമായ ഒരു മനോഹര മുഖം പുറത്തേക്ക് എത്തിനോക്കുന്നത് കുമാരൻ കണ്ടു.അത് മനുഷ്യനോ മാലാഖയോ? രാജ കുമാരൻ അല്പമൊന്ന് അമ്പരന്നു.
അയാൾ അല്പംകൂടി അടുത്ത് ചെന്നു.ആ മിഴികൾ പരസ്പരം ഇടഞ്ഞു.ചോരപൈതലായിരുന്നപ്പോൾ ദ്വീപിലെത്തിയ രാജകുമാരിക്ക് ഒരു മനുഷ്യനെ കണ്ട് പരിചയമുണ്ടായിരുന്നില്ല.അവൾ കൗതുകത്തോടെ കുമാരന്റെ ഓരോ അവയവങ്ങളിലേക്കും കണ്ണുകൾ പായിച്ചു.യൗവ്വയുക്തനായ ഒരു പുരുഷനെ കണ്ടപ്പോൾ അവളുടെ ഹൃദയത്തിൽ പ്രണയത്തിന്റെ മിന്നൽ പിണറുകൾ മിന്നിമറഞ്ഞു.രാജകുമാരൻ പ്രഥമ ദൃഷ്ട്യാ തന്നെ അവളിൽ അനുരക്തനായി.അവളെ സ്വന്തമാക്കാനുള്ള അഭിനിവേശം കുമാരന്റെ മനസ്സിനെ ഉന്മത്തനാക്കി.കുമാരൻ സാഹസികമായി മരത്തിന്മേൽ കയറി.കുമാരനോട് അടുക്കുവാനുള്ള ഉൽക്കടമായ ഭാവത്തോടുകൂടി അവൾ തന്റെ കൂട് വിട്ടിറങ്ങി.രണ്ടുപേരും ദീർഘമായ ഒരാലിംഗനത്തിൽ ഒന്നായി.അനന്തരം രണ്ടു പേരും മരത്തിൽ നിന്നും താഴെയിറങ്ങി.നിർവ്വചിക്കാനാവാത്ത ആനന്ദം അവരുടെ സിരകളെ ഉന്മത്തരാക്കി.രണ്ടു പേരും കാമകേളികളിൽ മുഴുകി.സുഖത്തിന്റെ പറുദിസകളിലൂടെ അവർ വിഹരിച്ചു.
ആശയ വിനിമയം നടത്താൻ അവർക്കു് രണ്ട് പേർക്കും പരസ്പരം ഭാഷകളറിയില്ല.ആംഗ്യത്തിലും അല്ലാതെയുമായി അവർ സംഭാഷണം തുടങ്ങി.രാജകുമാരൻ തന്റെ സ്ഥിതിഗതികളെല്ലാം കുമാരിയെ അറിയിച്ചു.ആന റാഞ്ചി പക്ഷിയുടെ പുത്രിയാണ് താനെന്നു മാത്രമേ കുമാരിക്കറിവുള്ളൂ.ആനറാഞ്ചി സുലൈമാൻ നബിയുടെ രാജ സന്നിധിയിൽ പോയതാണെന്നും അവൾ അറിയിച്ചു.സുലൈമാൻ നബി (അ)നെ സംബന്ധിച്ച് രാജ കുമാരനും അറിയാമായിരുന്നു.അദ്ദേഹത്തിന്റെ പിതാവുമായി സുലൈമാൻ നബി (അ) യുദ്ധം ചെയ്തിട്ടുണ്ട്.അതിൽ പരാജയപ്പെട്ട് രാജകുമാരനെ തടവുകാരനായി പിടിച്ചു.പിന്നീട് കപ്പം കൊടുക്കാമെന്നുള്ള നിബന്ധനയുമായി കുമാരനെ വിട്ടയച്ചു.കപ്പം ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്നുണ്ട്.കുമാരൻ സുലൈമാൻ നബിയെ സംബന്ധിച്ച് അവൾക്ക് വിശദീകരിച്ചു കൊടുത്തു.
(ശേഷം രണ്ടാം അദ്ധ്യായത്തിൽ)
Comments
Post a Comment